തിരഞ്ഞെടുപ്പുകാലത്തെ ചില നാടകങ്ങളും തമാശകളും എന്നത്തേക്കാളും വ്യാപകമായിരിക്കുന്നത് ഇപ്രാവശ്യമാണെന്നു തോന്നുന്നു. എല്ലാ സ്ഥാനാർത്ഥി കളും വോട്ടു ചോദിക്കുന്നത് ജനങ്ങളെ മുൻനിർത്തിയാണല്ലോ.ആരാണി 'ജനങ്ങൾ'? തൊഴിലാളി അല്ലാത്തവരെല്ലാം മുതലാളിമാരാകുന്നതുപോലെ, ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കാത്തവരെല്ലാം അവിശ്വാസികളാകുന്നതുപോലെ, എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടി സമരം ചെയ്യുന്ന ഒരു വിഭാഗം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരെല്ലാമാണ് സാധാരണജനം. സമരം ചെയ്യുന്നവരൊഴിച്ച് മറ്റെല്ലാവരും അതിൽ പെടും.അവർക്കുവേണ്ടി ആരാണ് പ്രവർത്തിക്കുക?
സ്വതന്ത്ര ഇന്ത്യയിൽ ഇത്രയുംകാലംഭരിച്ചവർക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അടുത്ത അഞ്ചുവർഷം കൊണ്ട് ചെയ്തു തരാം എന്ന വാഗ്ദാനവുമായി ഒരിക്കലും ഭരണത്തിൽ വരാൻ സാദ്ധ്യതയില്ലാത്ത പാർട്ടികളും വ്യക്തികളും മത്സരിക്കുമ്പോൾ നാം എന്തു വിശ്വസിച്ചാണ് അവർക്ക് വോട്ടു ചെയ്യേണ്ടത്?
വോട്ടു ചോദിക്കാൻ വരുന്നവരോട് മര്യാദ കാണിക്കണം, ഇല്ലെങ്കിൽ നികൃഷ്ടജീവി എന്ന വിളി കേൾക്കേണ്ടി വരും.അഞ്ചു വർഷത്തിലൊരിക്കൽ വന്ന് നടുവളച്ച് തൊഴുതുനിന്ന് വോട്ടും വാങ്ങി ജയിച്ചു പോകുന്നവരെ വിണ്ടും ഒന്ന് കാണണമെങ്കിൽ, ഒരപേക്ഷ സമർപ്പിക്കണമെങ്കിൽ, എവിടെയൊക്കെ പോയി കാത്തുകെട്ടി കിടക്കണം, ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം? നൽകിയ അപേക്ഷക്ക് മറുപടിയെങ്കിലും ലഭിക്കണമെങ്കിൽ എന്തുചെയ്യണം?
ഒരിക്കൽ വോട്ടുവാങ്ങി ജയിച്ചുകഴിഞ്ഞാൽ പിന്നെ കാണാൻ അഞ്ചുവർഷം കാത്തിരിക്കണം. അന്നു നല്കിയ വാഗ്ദാനങ്ങൾ എത്ര മാത്രം നിറവേറ്റി, എന്തെല്ലാം ചെയ്തു, ചെയ്തില്ല, ഇനി എന്ത് ചെയ്യാൻ ഉദ്ദെശിക്കുന്നു എന്നെല്ലാം വോട്ടു ചോദിക്കാൻ വരുന്നവരോട് ചോദിക്കാൻ ജനങ്ങൾക്ക് അവകാശം ഉണ്ടോ? അവസരം കിട്ടുമ്പൊഴല്ലേ അത് ചോദിക്കാൻ പറ്റൂ? സംശയം ചോദിച്ചാൽ അത് ധിക്കാരമാകുമോ? ചോദിക്കുന്നത് മത-സമുദായ നേതാക്കന്മാരാ ണെങ്കിൽ അത് രാഷ്ട്രി യത്തിൽ മതത്തിന്റെ ഇടപെടലാകുമോ ?
പാർട്ടി ഏതായാലും പിരിവ് നന്നായാൽ മതി.ലക്ഷ്യം മറ്റുള്ളവരുടെ പോക്കറ്റ് തന്നെ. ഏതു സമ്മേളനത്തിനും സാംസ്കാരികപരിപാടിക്കും ആദ്യം ചെയ്യുക രസീത് ബുക്കടിക്കുക, പിരിവ് തുടങ്ങുക. ബക്കറ്റ് പിരിവാണെങ്കിൽ രസീത് ബുക്കും കണക്കും വേണ്ട.നേരേ കയറുന്നത് ചെറുകിട കച്ചവടക്കാർ മുതൽ വലിയ മുതലാളിമാരുടെ വരെ നെഞ്ചത്തോട്ടു തന്നെ..പാർട്ടി നോക്കേണ്ട, പണം കൊടുത്തോണം. ഇല്ലെങ്കിൽ പിന്നെക്കാണാം.ഇലക് ഷനും അത് തന്നെ ലക്‌ഷ്യം. ജയിച്ചാൽ അതും നേട്ടം. ഇല്ലെങ്കിലോ പിരിവ് ലാഭം.അതിനിടക്ക് വല്ല വോട്ടു കച്ചവടമോ മറ്റോ തരപ്പെട്ടാൽ അത്രയുമായി. പ്രകടന പത്രിക വായിച്ചുനോക്കാൻ പോലും സ്ഥാനാർത്ഥിക്ക് പറ്റുന്നില്ല, അതിനിടക്കാ ജനങ്ങളുടെ നന്മ നോക്കുന്നത്!
ജയിച്ചുചെന്നാൽ കനത്ത സാമ്പത്തിക സഹായം നൽകിയ വൻ മുതലാളിമാരെ മറക്കാൻ പറ്റുമോ? അവർക്കുവേണ്ടി കൈപൊക്കാതിരിക്കാൻ കഴിയുമോ? ഇനിയും ചക്കരക്കുടം തുറന്നു വാരിത്തരേണ്ട തല്ലേ ? ചെറുകിടക്കാരേയും സാധാരണ ക്കാരേയും അഞ്ചുകൊല്ലം കഴിഞ്ഞു കണ്ടാൽ മതിയല്ലോ. അവരെ ഇനിയും പറ്റിക്കാം. വൻ മുതലാളിമാർ സിന്ധിപ്പശുക്കളാണല്ലോ.
വിദേശികളിൽനിന്ന് സ്വാതന്ത്ര്യം നേടാൻ ഗാന്ധിജി ഉപയോഗിച്ച സമരമുറകൾ ഇന്ന് ഉപയോഗിക്കുന്നത് സ്വന്തം നാട്ടുകാർക്കും കുടുംബത്തിനും ഭരണസംവിധാനത്തിനുമെതിരെയല്ലേ? ബസ്സിൽ കയറിക്കഴിഞ്ഞ് ബസ്സ് ഓടിക്കുന്ന മുതലാളിയെ ചീത്ത പറയുകയും ഇറങ്ങിക്കഴിഞ്ഞാൽ ബസ്സിനു അള്ള് വയ്ക്കുകയും ചെയ്യുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം.നാട്ടുകാർക്ക് രണ്ടുരുപയ്ക്ക് കൊടുക്കാൻ കൊണ്ടുവരുന്ന അരി ഇറക്കാൻ ഇറ ക്കുകൂലിക്കു പുറമേ ടണ്ണിനു എണ്‍പത് രൂപ നോക്കുകൂലി ആവശ്യപ്പെടുന്നത് ആരാണ്? കൂലിത്തർക്കം കൊണ്ട് കോടികൾ മുടക്കി നിർമ്മിച്ച വല്ലാർപ്പാടത്തിന്റെ പത്തു ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ കൂലിയുടെ പങ്ക് ലെവിയായി ഈടാക്കി തടിച്ചുകൊഴുക്കുന്ന പാർട്ടികളില്ലേ ഇവിടെ? വിദ്യാഭ്യാസ സംവിധാനങ്ങളെ തകർത്ത് തൊഴിലില്ലായ്മ വളർത്തി ചെറുപ്പക്കാരെ ജാഥത്തൊഴിലാളികളായി നിലനിർത്തുന്ന കൂട്ടർ ചെയ്യുന്ന സേവനവും കണക്കിലെടു ക്കേണ്ടതാണ് .ആരെങ്കിലും വ്യവസായമോ തൊഴിലവസരമോ കൊണ്ടുവന്നാൽ അത് തടയാൻ സമരവുമായി വരുന്നതും ആരാണെന്ന് ജനങ്ങൾ മനസ്സിലാക്കിവരുന്നുണ്ട്.
തൊഴിലാളികൾക്ക് വീട്ടിൽ അരി വേവണമെങ്കിൽ അതിന് മികച്ച തൊഴിലവസരങ്ങൾ ഉണ്ടാകണം, കൂടുതൽ വ്യവസായങ്ങൾ ഉണ്ടാകണം,മികച്ച തൊഴിൽക്ഷമത വേണം, അർപ്പണബോധം വേണം.തൊഴിൽസൗഹൃദ അന്തരീക്ഷം വേണം. നമ്മുടെ പരമ്പരാഗത തൊഴിൽമേഖല പുതുതലമുറകൾ കയ്യൊഴിഞ്ഞിരിക്കുന്നു. അവിടേക്ക് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ ഉണ്ടെന്നു പറയപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് എങ്ങിനെ ഇരുപതുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ തൊഴിൽ കണ്ടെത്തി? അന്യനാട്ടുകാരുടെ ' ഗൾഫ് ' ആയിത്തീർന്നോ കേരളം? കായികാദ്ധ്വാനം വേണ്ട തൊഴിലുകൾ മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുകയാണോ ? നമ്മുടെ വരുമാനം നോക്കുകൂലിയിലും അട്ടിമറിയിലും ഒതുങ്ങിയോ?
അമ്പരക്കേണ്ട,കൂടുതൽ സാങ്കേതികമായി വികസിച്ച ഉപകരണങ്ങളുടെ പ്രയോകതാക്കളായിരിക്കുന്നു മലയാളികൾ. അതിനനുസൃതമായ തൊഴിലുകളാകും ഇനി ഇവിടെ വികസിക്കുക. പാരമ്പര്യ തൊഴിലാളികളുടെ മക്കൾ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തൊഴിലുകളിൽ വിദഗ്ദ്ധരാകും.ഇസ്തിരിയിടാനും മുടി വെട്ടാനും ചിന്തേരിടാനും സിമന്റ് തേക്കാനും പരമ്പരാഗത മത്സ്യ ബന്ധനത്തിനും ഇനിയവരെ കിട്ടില്ല. അതാണ് ഉയർന്നു വരുന്ന പുതിയ തൊഴിൽസംസ്കാരം. അതിനുള്ള അവസരങ്ങളാകണം ഇനി ഉണ്ടാകേണ്ടത്. അവിടെ, പക്ഷെ, തൊഴിലിലെ മികവ് മാനദണ്ഡമാകും.കയറിയാൽ ഇറങ്ങുന്നതു വരെ 'സ്ഥിരതയും പെൻഷനും ' പ്രതീക്ഷിക്കാൻ കഴിയില്ല. പൊതു സ്വകാര്യ മേഖലകളിൽ വമ്പിച്ച മുതൽമുടക്ക് ഇതിനുണ്ടായെ പറ്റൂ.പണം മുടക്കുന്നവർ ന്യായമായും ലാഭം പ്രതീക്ഷിക്കും. അതുറപ്പാക്കുന്ന അന്തരീക്ഷവും വേണം.രാഷ്ട്രിയ പാർട്ടികളുടെ പിടിയിൽ നിന്നും മോചനം നേടിയ ഒരു സമൂഹത്തിനേ ഇനി രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ജനങ്ങളെ ചുഷണം ചെയ്യാനായി പുതിയ പാർട്ടികൾ ഇനിയും വരും.