Friday, May 2, 2014

കേരളത്തിലെ ബൈപാസുകൾ

കേരളത്തിനു ബൈപാസുകളുടെ ആവശ്യം ഉണ്ടാകുന്നതു തന്നെ 2010 നു ശേഷമാണ് .കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1960 ൽ വെറും 24000 ആയിരുന്നതിൽ നിന്ന് 2000 ൽ 19 ലക്ഷമായി. അടുത്ത പത്തുകൊല്ലം കൊണ്ടുണ്ടായ വളര്ച്ച അദ്ഭുതകരമാണ് .അത് 54 ലക്ഷമായി വളർന്നു. 2015 ഓടെ അത് 87 ലക്ഷം കടന്നു എന്നാണ്  കണക്കുകൾ കാണിക്കുന്നത്. അതായത്, കേരളത്തിലുള്ള വീടുകളേക്കാൾ കൂടുതൽ വാഹനങ്ങൾ അന്നുണ്ടാകും. ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ പുറമേ നിന്ന് വരുന്ന വാഹനങ്ങളെക്കൂടാതെയാണിത്. അതിനനുസരിച്ച് റോഡുകൾ വികസിച്ചില്ല എന്നതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
2000 ൽ കേരളത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ട റോഡുകൾ എങ്കിലും 60 മീറ്റർ വീതിയിൽ വികസിപ്പിച്ചിരുന്നെങ്കിൽ ഈ ദുർഗതി  ഉണ്ടാകുമായിരുന്നില്ല.അത് ചെയ്യാതെ, അതിനനുവദിക്കാതെ, ഇന്നിപ്പോൾ എല്ലായിടത്തും ബൈപാസ് എന്ന ചിന്തയിലേക്ക് നാം മാറിയിരിക്കുന്നു.പുതിയ ബൈപാസുകൾക്ക് വേണ്ടി സ്ഥലം കണ്ടെത്തലും കുടിയൊഴിപ്പിക്കലും പദ്ധതിച്ചെലവിലുണ്ടാകുന്ന വർദ്ധനയും എല്ലാം മാറി മാറി വരുന്ന സർക്കാരുകൾക്ക് തലവേദനയുണ്ടാക്കുന്നു. ഒരു പത്തുകൊല്ലം മുൻപ് നിലവിലുണ്ടായിരുന്ന റോഡുകൾക്കരികെ ഇരുപതോ മുപ്പതോ മീറ്റർ സ്ഥലം എടുത്തിരുന്നെങ്കിൽ നിസ്സാരമായി തീർക്കാവുന്ന പ്രശ്നമായിരുന്നു ഇത്. അതിനുള്ള തന്റേടം ഒരു സർക്കാരും കാണിച്ചില്ല, മാറി മാറി പ്രതിപക്ഷത്തിരുന്നവർ തദ്ദേശവാസികളോട് ഒപ്പം ചേർന്ന് സ്ഥലമെടുപ്പ് നടപടികളെ നിരുത്സാഹപ്പെടുത്താൻ ഉത്സാഹിച്ചു. അതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന  'ഞെരുക്കം'. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകൾ വികസിക്കാത്തതാണ് ഇന്ന് അപകടങ്ങൾക്ക് മുഖ്യ കാരണം.  60 മീറ്റർ വീതിയിൽ നാഷണൽ ഹൈവേകളും ഏറ്റവും കുറഞ്ഞത് ഒന്നര മീറ്റർ മീഡിയനുള്ള  നാലുവരിപ്പാതയും സർവീസ് റോഡുകളുമുള്ള  സ്റ്റേറ്റ് ഹൈവേകളും ഉണ്ടാകാത്തി ടത്തോളം  കേരളത്തിൽ അപകടങ്ങൾ  ഇനിയും വർദ്ധിക്കുകയേ ഉള്ളു.
ഏതൊരു പ്രദേശത്തിന്റെയും വികസനം അവിടെ ഒരുക്കപ്പെടുന്ന അടിസ്ഥാന സൌകര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വികസിച്ച് ഞെരുക്കം കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തു കൂടിയുള്ള സ്ഥലമെടുപ്പോ റോഡു വികസനമോ അസാദ്ധ്യമാണ്. വികസനത്തിന് ആദ്യം ചെയ്യേണ്ടത് ആവശ്യമുള്ള വീതിയിൽ സ്ഥലമെടുത്ത് ഗതാഗത സൌകര്യം ഒരുക്കുകയാണ്. ഏത് പ്രദേശത്തുകൂടിയും  റോഡോ റെയിലോ തിരുമാനിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനുണ്ടാകണം, സ്റ്റേറ്റിലെ മൂന്നരക്കോടി ജനങ്ങളുടേയും അവകാശമാണത്. അതു തീരുമാനിക്കുന്നത് ഒരു ചെറിയ വിഭാഗം തദ്ദേശവാസികളുടെ സ്വാർഥ താല്പര്യമോ അവിടുത്തെ ചില നേതാക്കന്മാരുടെ വോട്ടു മോഹങ്ങളോ ആയിക്കൂടാ. ഉള്ള റോഡുകളുടെ ഇരു വക്കത്തും പെട്ടിക്കടകൾ പോലെ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതല്ല വികസനം. അതിന്  മുൻകൂട്ടിയുള്ള പ്ളാനിങ്ങും തയാറെടുപ്പുകളും വേണം.  അതിന് നിലവിലുള്ളതും പുതിയതുമായ എല്ലാ റോഡുകൾക്കും 20-30 മീറ്റർ  വീതിയിലുള്ള സ്ഥലം ഗവണ്മേന്റിന്റെ അധിനതയിലുള്ളതാണ് എന്ന് പ്രഖ്യാപിക്കാനുള്ള നിയമങ്ങൾ കൊണ്ടു വരണം. റോഡുകളുടെ ഇരുവശവും കൈവശപ്പെടുത്തി അധികാരം സ്ഥാപിച്ചിരിക്കുന്നവർ വീതി കൂട്ടാൻ അനുവദിക്കാതെ മറ്റുള്ളവരുടെ സ്ഥലം അക്വയർ ചെയ്ത് ബൈപാസുണ്ടാക്കണം എന്നാവശ്യപ്പെടുന്നതാണ് ഫലത്തിൽ കാണുന്നത്.   
ഗതാഗതക്കുരുക്കൊഴിക്കാൻ  നാം ഇപ്പോൾ മുന്നിൽ  കാണുന്ന ഒരേ ഒരു പോംവഴി ബൈപാസുകളാണ്. ആർട്ടറികളെല്ലാം ചുരുങ്ങിപ്പോയ ഒരു വ്യക്തിയുടെ ശരീരത്തിൽ ബൈപാസുകൾ തുന്നിച്ചേർക്കുന്നതു പോലെയുള്ള ഒരാശ്വാസം ലഭിച്ചേക്കാം. വളരെപ്പെട്ടെന്ന് ഇവയും പോരാതെ വരും എന്നതാണ് സത്യം. പക്ഷെ, താൽക്കാലികമായെങ്കിലും നാം അവയെ ആശ്രയിച്ചേ മതിയാകൂ.ഒരു പക്ഷേ, കേരളത്തിൽ ആദ്യമായുണ്ടായ ബൈപാസുകളി ലൊന്ന് അരൂർ -ഇടപ്പള്ളിയാണ് . അന്നതിനോട് ഉണ്ടായിരുന്ന എതിർപ്പുകൾ ഒന്നോർത്തുനോക്കൂ. ദീർഘ ദൂര വാഹനങ്ങൾ ഉൾപ്പെടെ എല്ലാ യാത്രാവാഹനങ്ങളും തോപ്പുംപടി - വില്ലിംഗ്ടൻ ഐലണ്ട് വഴിയേ പോകാമായിരുന്നുള്ളൂ . ഇന്നാ ബൈപാസ് വീതി ഇരട്ടിയാക്കിയിട്ടും തിരക്കുകൊണ്ട് ശ്വാസം മുട്ടുകയാണ്. ഇതേ ഒരവസ്ഥ മിക്കവാറും എല്ലാ ബൈപാസുകൾക്കും  അടുത്ത ഒരു പത്തുകൊല്ലങ്ങൾക്കകം വന്നുചേരും.
അനതിവിദൂരഭാവിയിൽ കേരളത്തിൽ തലങ്ങും വിലങ്ങും എണ്ണമറ്റ ബൈപാസുകൾക്കു വേണ്ടി യുള്ള  സമ്മർദ്ദം ഉയർന്നുവരാം.
മറ്റൊരു പോംവഴി ദീർഘദൂര ഫ്ളൈ ഓവറുകളാണ്.ഇനി ഉണ്ടാകാൻ പോകുന്ന ഗതാഗത സമ്മർദ്ദം ബൈപാസുകൾക്ക് താങ്ങാനാകുന്നതല്ല. വാഹനങ്ങളുടെ എണ്ണം ഇനിയൊരിക്കലും കുറയാൻ പോകുന്നില്ല. കൂടുകയേ ഉള്ളു. പ്രധാന പട്ടണങ്ങളെ ബന്ധിക്കുന്ന ഫ്ളൈ ഓവറുകൾ നിർമ്മിച്ചാലേ മറ്റു റോഡുകളിലുടെയുള്ള യാത്ര സുഗമമാകുകയുള്ളൂ.  ഇതിനെല്ലാം വേണ്ടി വരുന്ന ഭീമമായ തുക സംസ്ഥാനത്തിന് ഒറ്റയ്ക്കു കണ്ടെത്താൻ കഴിയുകയില്ല. BOT പോലുള്ള സംവിധാനങ്ങളെയും ആശ്രയിക്കേണ്ടി വരും. ലക്ഷങ്ങൾ മുടക്കി കാറുകൾ വാങ്ങിയിട്ടിരിക്കുന്നവർക്ക് ലക്ഷ്യ സ്ഥാനത്ത് എത്രയും പെട്ടെന്ന് എത്തുകയാണ് ആവശ്യം. അവർക്ക് ടോൾ നൽകാൻ ഒരു മടിയും ഉണ്ടാകുകയില്ല. ഇപ്പോൾ ടോളിനെതിരായി സമരം നടത്തുന്നവർ യഥാർത്ഥ ആവശ്യക്കാരല്ല. വികസനം വരുന്നതിനോട് എതിർപ്പുള്ള രാഷ് ട്രിയത്തിന്റെ വക്താക്കളാണവർ. തദ്ദേശവാസികൾക്ക് സൗജന്യമായി സഞ്ചരിക്കാൻ സർവീസ് റോഡുകൾ ഉണ്ടെങ്കിൽ ഒഴിവാക്കാവുന്ന എതിർപ്പേ ഇവിടങ്ങളിൽ ഉണ്ടാകൂ. വികസനം രാജ്യത്തിന്റെ ആവശ്യമാണ്, അല്ലാതെ വിരലിലെണ്ണാവുന്ന കുറെപ്പേരുടെ ഇഷ്ടമനുസരിച്ചല്ല എന്ന് ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം.
അതിവേഗ റെയിൽ കോറിഡോർ, മെട്രോ റെയിൽ, മോണോ റെയിൽ എന്നിവയും ഉണ്ടായാൽ മാത്രമേ റോഡു ഗതാഗതം സുഗമമാക്കാൻ കഴിയുകയുള്ളൂ.  മാത്രമല്ല, വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ പകുതിയിലധികവും ഇരുചക്ര വാഹനങ്ങളാകയാൽ അവയ്ക്ക് പ്രത്യേക പാതകൾ ഒരുക്കുന്നത് അപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാൻ സഹായിക്കും.                  

3 comments:

Unknown said...

comments, observations &opinions are true and suggestions are well thought of.

Unknown said...

valare sheriyanu

PCM said...

അഭിപ്രായങ്ങൾക്ക് നന്ദിയുണ്ട്. ഇത്രയും നാൾ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകളും എല്ലാ വികസനങ്ങൾക്കും തടസ്സം നിന്ന പ്രതിപക്ഷവും കൈക്കൊണ്ട അലംഭാവത്തിനു ഇന്നല്ലെങ്കിൽ നാളെ കടുത്ത പിഴ ഒടുക്കേണ്ടിവരും.വാഹനങ്ങൾ വാങ്ങുകയല്ലാതെ അതോടിക്കാനുള്ള റോഡ്‌ ഉണ്ടാക്കാൻ ജനങ്ങൾക്ക് കഴിയുകയില്ല.പതിനഞ്ചു വർഷത്തെ നികുതി മുൻകൂർ വാങ്ങി ധൂർത്തടിക്കുന്ന സർക്കാർ കുറ്റം ചാർത്താൻ ആരെയെങ്കിലും കണ്ടെത്തുന്നത്‌ ക്രൂരമാണ്. വാഹനാപകടങ്ങളിൽ പൊലിയുന്ന വിലപ്പെട്ട ജിവനുകൾ ഇതിന് സർക്കാർ നൽകുന്ന കുരുതിയാണ് എന്നോർക്കണം .